ഇനിറ്റ് പ്രോസസ്സ് ആണ് ലിനക്സ്/യൂണിക്സ് സിസ്റ്റങ്ങളിലെ ആദ്യത്തെ യൂസർ പ്രോസസ്സ് എന്ന് പറഞ്ഞുവല്ലോ. കെർണൽ കമ്പ്യൂട്ടറിലെ ഹാർഡ്‌വെയറിനെ പ്രവർത്തനസജ്ജമാക്കിയ ശേഷം ഉപഭോക്താവിന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ സജ്ജമാക്കുന്ന വിവിധ ക്രമീകരണങ്ങൾ നടത്തുന്നത് ഇനിറ്റ് പ്രോസസ്സ് ആണ്. ഇതിനായി ഇനിറ്റ് മുൻകൂട്ടി ക്രമീകരിച്ചിരിക്കുന്ന വിവിധ സർവ്വീസുകൾ ആരംഭിക്കുന്നു. യൂണിക്സ് സിസ്റ്റങ്ങളിൽ ഈ സർവ്വീസുകളെ ഡെമോൺ പ്രോസസ്സുകൾ എന്നാണ് വിളിക്കുന്നത്. യൂണിക്സ് കീഴ്‌വഴക്കം അനുസരിച്ച് ഈ പ്രോസസ്സുകളുടെ പേരിന്റെ അവസാനം d എന്ന അക്ഷരം ചേർക്കാറുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറീലെ ഡെമോൺ പ്രോസസ്സുകൾ ഏതൊക്കെയാണെന്നറിയാൻ ഒരു ടെർമിനൽ തുറന്ന് ps -e എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തി നോക്കൂ, udevd, syslogd, smbd തുടങ്ങി വിവിധ പ്രോസസ്സുകൾ കാണാൻ സാധിക്കും. ഇനിറ്റ് പ്രോസസ്സ് ഒരിക്കൽ ആരംഭിച്ചാൽ കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നത് വരെ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഈ പ്രോസസ്സ് പ്രവർത്തനം അവസാനിപ്പിച്ചാൽ കെർണൽ പാനിക്ക് അവസ്ഥ ഉണ്ടാകുകയും കമ്പ്യൂട്ടർ റീസ്റ്റാർട്ട് ആകുകയും ചെയ്യും. (ഈ അവസരത്തിലെ കെർണലിന്റെ പെരുമാറ്റം ഓരോ യൂണിക്സ് സിസ്റ്റങ്ങളിലും വ്യത്യസ്തമായിരിക്കും).
വിവിധ യൂണിക്സ് സിസ്റ്റങ്ങളിൽ വിവിധ ഇനിറ്റ് പ്രോഗ്രാമുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾ ഉപയോഗിക്കുന്ന ചില ഇനിറ്റ് പ്രോഗ്രാമുകൾ താഴെ കൊടുക്കുന്നു.
1. സിസ് വി ഇനിറ്റ് (SysV Init)
യൂണിക്സ് സിസ്റ്റങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്ന ഇനിറ്റ് പ്രോഗ്രാമാണിത്. ഈ പ്രോഗ്രാമിന്റെ പ്രവർത്തനം /etc/inittab എന്ന ക്രമീകരണ ഫയലിനെ അടിസ്ഥാനമാക്കി ആണ്. /etc/init.d/ എന്ന ഡയറക്റ്ററിയിൽ ആണ് വിവിധ സർവ്വീസുകൾ നിർവചിച്ചിരിക്കുന്ന ഫയലുകൾ ഉണ്ടായിരിക്കുക. ഇത് സർവ്വീസുകളെ ഒന്നിനു ശേഷം ഒന്നായി ആരംഭിക്കുന്നു.
2. സിസ്റ്റംഡി (Systemd)
താരതമ്യേന പുതിയ ഒരു ഇനിറ്റ് പ്രോഗ്രാമാണ് സിസ്റ്റംഡി. സിസ്റ്റം ഡെമോൺ എന്നതിന്റെ ചുരുക്കമാണ് ഇത്. വിവിധ സർവ്വീസുകൾ നിർവചിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു മെച്ചപ്പെട്ട് ചട്ടക്കൂട് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഫെഡോറ, ആർച്ച് ലിനക്സ് തുടങ്ങിയ വിവിധ ലിനക്സ് സിസ്റ്റങ്ങളിലെ ഇനിറ്റ് പ്രോസസ്സായി ഇപ്പോൾ സിസ്റ്റംഡി ഉപയോഗിക്കപ്പെടുന്നു. ഒന്നിനു പുറകെ ഒന്നായി പ്രോസസ്സുകൾ ആരംഭിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി സമാന്തരമായി തന്നെ പ്രോസസ്സുകൾ ആരംഭിക്കാൻ സിസ്റ്റംഡി ക്ക് സാധിക്കുന്നു. ഇതുവഴി കമ്പ്യൂട്ടർ ബൂട്ട് ചെയ്യാൻ ആവശ്യമായ സമയം കുറക്കാൻ സാധിക്കും.
3. അപ്‌സ്റ്റാർട്ട് (Upstart)
ഉബുണ്ടു ലിനക്സ് ഡിസ്ട്രിബ്യൂഷന്റെ നിർമ്മാതാക്കളായ കാനോനിക്കൽ കമ്പനി വികസിപ്പിച്ചെടുത്ത് ഇനിറ്റ് പ്രോഗ്രാം ആണ് അപ്‌സ്റ്റാർട്ട്. പരമ്പരാഗത രീതിയിൽ മുൻകൂട്ടി തീരുമാനിക്കപ്പെട്ട ക്രമത്തിൽ സർവ്വീസുകൾ ആരംഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വിവിധ സംഭവങ്ങളുടെ (events) അടിസ്ഥാനത്തിൽ സർവ്വീസുകൾ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന രീതി ആണ് അപ്‌സ്റ്റാർട്ട് പിൻതുടരുന്നത്. നോക്കിയയുടെ മെമോ, ഗൂഗിൾ ക്രോം ഓ എസ്, ഉബുണ്ടൂ തുടങ്ങിയവ അപ്‌സ്റ്റാർട്ട് ആണ് ഇനിറ്റ് പ്രോഗ്രാമായി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിന്റെ ബൂട്ടിങ്ങ് സമയം പത്തുസെക്കന്റിലും താഴേക്ക് കുറക്കാൻ അപ്‌സ്റ്റാർട്ട് വഴി സാധ്യമായി.
4. ആൻഡ്രോയിഡ് ഇനിറ്റ്
ആൻഡ്രോയിഡ് ഒരു ലിനക്സ് കെർണൽ അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണെന്നറിയാമല്ലോ. ആൻഡ്രോയിഡിനും സ്വന്തമായി ഒരു ഇനിറ്റ് പ്രോഗ്രാം ഉണ്ട്. പരമ്പരാഗത രീതി തന്നെ ആണ് ഈ ഇനിറ്റ് പ്രോഗ്രാമും പിൻതുടരുന്നത്.
ഇവക്ക് പുറമെ മാക് ഓഎസ്, സോളാരിസ്, ബിഎസ്‌ഡി തുടങ്ങിയ യൂണിക്സ് സിസ്റ്റങ്ങൾക്കൊക്കെ തന്നെ അവയുടെ ഇനിറ്റ് പ്രോഗ്രാമുകൾ ഉണ്ട്. കമ്പ്യൂട്ടറിന്റെ പ്രവർത്തന ആരംഭത്തിൽ സർവ്വീസുകൾ ആരംഭിക്കുന്നതോടെ ഇനിറ്റ് പ്രോസസ്സിന്റെ പ്രവർത്തനം അവസാനിക്കുന്നില്ല. ഈ സർവ്വീസുകൾ ഏതെങ്കിലും പ്രവർത്തനരഹിതമായാൽ അവയെ പുനരാരംഭിക്കൽ, വിവിധ റൺ ലെവലുകളിലെ ക്രമീകരണങ്ങൾ, സിസ്റ്റം ഷട്ട് ഡൗൺ ആരംഭിക്കുമ്പോൾ സർവ്വീസുകളെ അവസാനിപ്പിക്കൽ ഒക്കെ ഇനിറ്റ് പ്രോസസ്സിന്റെ കടമയാണ്.
യൂണിക്സ് സിസ്റ്റങ്ങളിൽ അവയുടെ ഓരോ സമയത്തെ പ്രവർത്തന സ്ഥിതിയെ റൺലെവൽ എന്ന് വിളിക്കുന്നു. ലിനക്സ് സിസ്റ്റങ്ങളിൽ 6 വ്യത്യസ്ത റൺ ലെവലുകൾ ഉണ്ട്.
റൺലെവൽ 0 - സിസ്റ്റം ഹാൾട്ട് (ഓഫ് ആയിരിക്കുന്ന അവസ്ഥ)
റൺലെവൽ 1 - സിങ്കിൽ യൂസർ മോഡ് (ഒരൊറ്റ ഉപയോക്താവ് മാത്രം. അഡ്മിനിസ്ട്രേറ്റർ യൂസറിന്റെ അനുവാദങ്ങളോടെ ഉള്ള അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കപ്പെടുന്നു)
റൺലെവൽ 2 - നെറ്റ്‌വർക്കിങ്ങ് ഇല്ലാത്ത ഒന്നിലധികം ഉപയോക്താക്കളെ പിൻതുണക്കുന്ന അവസ്ഥ.
റൺലെവൽ 3 - നെറ്റ്‌വർക്കിങ്ങ് പിൻതുണ അടക്കം ഒന്നിലധികം ഉപയോക്താക്കളെ പിൻതുണക്കുന്ന അവസ്ഥ
റൺലെവൽ 4 - ഉപയോഗത്തിൽ ഇല്ല.
റൺലെവൽ 5 - നെറ്റ്‌വർക്കിങ്ങ് പിൻതുണ, ഒന്നിലധികം ഉപയോക്താക്കൾക്കുള്ള പിൻതുണ, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
റൺലെവൽ 6 - സിസ്റ്റം റീസ്റ്റാർട്ട്
ഇനിറ്റ് കമാന്റ് ഉപയോഗിച്ച് റൺലെവലുകൾ മാറ്റാൻ സാധിക്കും. init 6 എന്ന കമാന്റ് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യാൻ ഉപയോഗിക്കാം. (ഇതൊരു സുരക്ഷിതമായ മാർഗ്ഗമല്ല).
ലിനക്സിലെ മൾട്ടി യൂസർ പിൻതുണ, ടെർമിനലുകൾ, ഗ്രാഫിക്കൽ ഇന്റർഫേസ് എന്നിവയെപ്പറ്റി അടുത്ത പോസ്റ്റ്.
വളരെ നന്നായിരിക്കുന്നു.
ReplyDeleteആൻഡ്രോയിഡിനെ പറ്റിയും ഒരു ലേഖനം പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡിനെ പറ്റി മലയാളം വിക്കിപീഡിയയിൽ നല്ലൊരു ലേഖനം ഉണ്ട്. എന്നാലും ആൻഡ്രോയിഡ് ഫ്രെയിം വർക്കിനെ പറ്റി ലേഖനം പ്ലാനിൽ ഉണ്ട്.
ReplyDeleteസിസ്റ്റംഡി അതിന്റെ ഫോർക്ക് ആയ യൂസ്ലെസ്സ്ഡി തുടങ്ങിയ പദങ്ങളാണ് ഡെബിയൻ ഡിസ്കഷൻ ഫോറങ്ങളിൽ ഇപ്പോൾ തുടർച്ചയായി കേട്ടു കൊണ്ടിരിക്കുന്നത്. ഡെബിയൻ അതിന്റെ ഡീഫോൾട്ട് ഇനിറ്റ് സിസ്റ്റം ആയി സിസ്റ്റംഡി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പല ഡവലപ്പർമാർക്കും അതൃപ്തി ഉണ്ടായതായും അവർ ഡെബിയൻ ഫോർക്ക് ചെയ്യാൻ ആഹ്വാനം ചെയ്‌തതായും അറിയാൻ കഴിഞ്ഞു. ഈയവസരത്തിൽ എന്താണ് സിസ്റ്റംഡിയെ ഡവലപ്പർ കൂട്ടായ്മകളിൽ തികച്ചും അനഭിമാതമാക്കുന്നത് എന്ന് ലളിതമായി വിശദീകരിക്കാമോ?
ReplyDeleteസിസ്റ്റംഡി പല കാരണങ്ങൾ കൊണ്ട് ഒരു വിവാദമായിരിക്കുകയാണ്. അതിനെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന രീതിയിൽ കെർണലിൽ മാറ്റം വരുത്താനുള്ള ശ്രമത്തെ ലിനസ് തന്നെ വിമർശിച്ചിരുന്നു. അടിപിടി മൊത്തം ഫോളോ ചെയ്തിട്ടില്ല. ആ പ്രശ്നങ്ങൾ പല തലത്തിൽ ഉള്ളതാണ്. ഞാൻ വിശദമായി എഴുതാൻ ശ്രമിക്കാം. - സുബിൻ
ReplyDelete