ലിനക്സ് അധിഷ്ഠിത സിസ്റ്റങ്ങളെ പ്രചരിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾക്ക് വലിയ പങ്കുണ്ട്. ലിനക്സ് എന്നത് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം കെർണൽ മാത്രമാണ്. ഒരു കെർണൽ തനിച്ച് തികച്ചും ഉപയോഗശൂന്യമാണ്. കെർണലിന്റെ പ്രധാന ധർമ്മം പ്രോഗ്രാമുകളെ പ്രവർത്തിപ്പിക്കാനും അവക്ക് ഉപകരണങ്ങളെ ഉപയോഗിക്കാനും ഉള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ്. ആരും ഉപയോഗിക്കുന്നില്ലെങ്കിൽ പണിയായുധങ്ങൾ ഉപകാരപ്രദമായ ഒന്നും തന്നെ സ്വയം ചെയ്യില്ലല്ലോ. ഇതുപോലെ തന്നെ ആണ് കെർണൽ മാത്രമായാൽ ഉള്ള അവസ്ഥ.
ലിനക്സ് ഒരു പോസിക്സ് അനുകൂല ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയതിനാൽ പോസിക്സ് മാനദണ്ഡങ്ങൾ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ ഒക്കെ അതിൽ പ്രവർത്തിക്കുന്നു. ആദ്യകാലത്ത് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടി എഴുതപ്പെട്ട പ്രോഗ്രാമുകൾ ആയിരുന്നു ലിനക്സ് കെർണലിനൊപ്പം ഉപയോഗിക്കപ്പെട്ടിരുന്നത്. അങ്ങനെ ഗ്നു/ലിനക്സ് എന്ന പ്രയോഗം നിലവിൽ വന്നു. ഇന്നും ലിനക്സിൽ ഉപയോഗിക്കപ്പെടുന്ന മിക്ക പ്രോഗ്രാമുകളും ഗ്നു പ്രോജക്റ്റിൽ നിന്നുള്ളവയാണ്. ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം പൂർണ്ണമായ രീതിയിൽ പ്രവർത്തന സജ്ജമായിട്ടില്ലെങ്കിലും ലിനക്സ് കെർണലിനൊപ്പം ഗ്നു അപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിച്ച് വരുന്നു. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസില്ലാതെ പൂർണ്ണമായി ഒരു കമ്പ്യൂട്ടർ ഉപയോഗയോഗ്യമാക്കാൻ ലിനക്സ് കെർണൽ, ഗ്നു കോർ യൂട്ടിലിറ്റീസ്, ലിനക്സ് യൂട്ടിലിറ്റീസ്, ബാഷ് അല്ലെങ്കിൽ സമാനമായ ഒരു ഷെൽ പ്രോഗ്രാം എന്നിവ മതിയാകും. എംബെഡ്ഡഡ് ഉപകരണങ്ങൾക്കായി ബിസിബോക്സ് എന്ന പേരിൽ ഷെൽ അടക്കമുള്ള പ്രോഗ്രാമുകളുടെ ഒരു പാക്കേജും ലഭ്യമാണ്. ലിനക്സ് കെർണലും ബിസിബോക്സും ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ രീതിയിലുള്ള ഒരു ലിനക്സ് സിസ്റ്റം ഉണ്ടാക്കാൻ സാധിക്കും.
ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷൻ എന്നത് അല്പ്പം കൂടി വിശാലമായ ഒരു ആശയമാണ്. ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയ ഒരു സമ്പൂർണ്ണ കമ്പ്യൂട്ടർ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയിരിക്കും ഓരോ ലിനക്സ് ഡിസ്ട്രിബ്യൂഷനും. ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷനിൽ ഒഴിച്ച്കൂടാൻ കഴിയാത്ത ഭാഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
1. ലിനക്സ് കെർണൽ - ലിനക്സ് അധിഷ്ഠിത സിസ്റ്റം ആയതിനാൽ ഇത് ഇല്ല്ലാതെ സാധിക്കില്ല.
2. ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് - ഒരു ഗ്രാഫിക്കൽ യൂസർ ഇന്റർഫേസും ടെക്സ്റ്റ് എഡിറ്റർ, വെബ് ബ്രൗസർ, മീഡീയ പ്ലെയർ, ഫയൽ മാനേജർ തുടങ്ങിയ അവശ്യ പ്രോഗ്രാമുകളുടെ കൂട്ടവും.
3. പാക്കേജ് മാനേജർ - പുതിയ പ്രോഗ്രാമുകൾ സജ്ജീകരിക്കാനും സജ്ജീകരിക്കപ്പെട്ടവ നീക്കം ചെയ്യാനും പുതുക്കാനും സൗകര്യമൊരുക്കുന്ന സംവിധാനം.
4. ഇൻസ്റ്റാളർ - പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം കമ്പ്യൂട്ടറിൽ സജ്ജമാക്കാൻ സഹായിക്കുന്ന പ്രോഗ്രാം. ചില ഡിസ്ട്രിബ്യൂഷനുകൾ സജ്ജമാക്കൽ ആവശ്യമില്ലാതെ ഒരു യുഎസ്ബി ഡ്രൈവിൽ നിന്നോ സിഡിയിൽ നിന്നോ നേരിട്ട് ഉപയോഗിക്കാൻ സാധ്യമായ ലൈവ് സിസ്റ്റം സംവിധാനവും ലഭ്യമാക്കുന്നുണ്ട്.
ഇവക്കു പുറമേ വിവിധ ഡിസ്ട്രിബ്യൂഷനുകൾ കമ്പ്യൂട്ടറിലെ ഉപകരണങ്ങളുടെ ക്രമീകരണങ്ങളും മറ്റും എളുപ്പമാക്കുന്നതിനായി വിവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ലിനക്സ് കെർണൽ അധിഷ്ഠിതമായ സിസ്റ്റങ്ങളുടെ സജ്ജീകരണവും ഉപയോഗവും എളുപ്പമാക്കുക എന്നതാണ് ഡിസ്ട്രിബ്യൂഷനുകളുടെ പ്രധാന ലക്ഷ്യം. ലിനക്സ് കെർണലും പതിനായിരത്തിൽ പരം പ്രോഗ്രാമുകളും ഏത് രീതിയിൽ വേണമെങ്കിലും മാറ്റങ്ങൾ വരുത്താനുള്ള അനുവാദത്തോടെ സൗജന്യമായി ലഭ്യമായിരിക്കുന്നത് നിരവധി ഡിസ്ട്രിബ്യൂഷനുകൾ പിറവിയെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇന്ന് ലഭ്യമായ മിക്ക ഡിസ്ട്രിബ്യൂഷനുകളും അവ ഉരുത്തിരിഞ്ഞ് മാതൃ ഡിസ്ട്രിബ്യൂഷനുകളും വിവരിക്കുന്ന ഒരു ചിത്രം ഇവിടെ ലഭ്യമാണ്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് അനുയോജ്യമായ രീതിയിൽ വിവിധ പ്രവർത്തനങ്ങൾക്ക് യോജിക്കുന്ന അനവധി ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾ ഇന്ന് ലഭ്യമാണ്. ഇവയുടെ ഒരു പട്ടികയും ചുരുങ്ങിയ വിവരണവും ഇവിടെ ലഭ്യമാണ്.
ബിസിബോക്സും ലിനക്സ് കെർണലും ഉപയോഗിച്ച് ഒരു കൊച്ചു ലിനക്സ് സിസ്റ്റം തയ്യാറാക്കുന്ന രീതി അടുത്ത ഭാഗത്തിൽ.

No comments:
Post a Comment