ആദ്യഭാഗത്തിൽ ഞാൻ ഡിസ്കിനെയും ഫയൽ സിസ്റ്റങ്ങളെയും പറ്റി പറഞ്ഞു. ഈ
ഭാഗത്തിൽ ഫയൽ സിസ്റ്റം കറപ്ഷനുകൾ ഉണ്ടായാൽ എന്ത് ചെയ്യാൻ സാധിക്കും എന്നതിൽ
ഫോക്കസ് ചെയ്യുന്നു. മിക്കവാറും ഫയൽ സിസ്റ്റം കറപ്ഷനുകളുടെ പ്രധാനകാരണം
പൂർത്തിയാകാത്ത ഡിസ്ക് റൈറ്റ് ഓപ്പറേഷനുകൾ ആണ്. ചിലപ്പോളോക്കെ ഒരു യു എസ് ബി
ഡ്രൈവിലേക്കും മറ്റും ഫയൽ കോപ്പി ചെയ്ത് കഴിയുമ്പോൾ നൂറുശതമാനം ആയി എന്ന് ഡയലോഗ്
ബോക്സിൽ കണ്ടാൽ പോലും ഡിസ്ക് സേഫ്‌ലി റിമൂവ് ഓപ്ഷൻ ഉപയോഗിക്കുമ്പോൾ അത് ബിസി
ആണെന്ന് പറയുന്നത് ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു. ഇത് ഡിസ്കിലെ ഓപ്പറേഷനുകൾ
പൂർത്തിയാവാത്തതിനാൽ ആണ്. ചെലപ്പോൾ ഫയൽ ശരിക്കും ഡിസ്കിലേക്ക് എഴുതപ്പെടാൻ
തുടങ്ങിത്തന്നെ കാണില്ല. മറ്റു ചിലപ്പോൾ ഡിസ്കിലെ ഹാർഡ്‌വെയർ ബഫ്ഫറിലെ വിവരങ്ങൾ
മുഴുവനായി ഡിസ്കിൽ എഴുതപ്പെട്ട് കാണില്ല. അല്ലെങ്കിൽ എഴുതപ്പെട്ട ഫയലിനെ
പറ്റിയുള്ള വിവരങ്ങൾ ഫയൽ സിസ്റ്റം മെറ്റാഡാറ്റയിൽ മുഴുവനായി
രേഖപ്പെടുത്തിയിരിക്കില്ല. ഈ സമയത്ത് എപ്പോളെങ്കിലും ആയി ഡിസ്ക് ഊരിയെടുക്കുകയോ
അല്ലെങ്കിൽ സിസ്റ്റം ബലമായി പവർ ഓഫ് ചെയ്യുകയോ ചെയ്താൽ ഫയൽ സിസ്റ്റം കറപ്ഷൻ
ഉറപ്പാണ്.
ഡിസ്ക് കറപ്ഷൻ ഹാർഡ്‌വെയർ തകരാറോ ഫയൽ സിസ്റ്റം തകരാറോ ആകാം. ഹാർഡ്‌വെയർ
തകരാർ പല തലങ്ങളിൽ ഉള്ളതും ആവാം. ചെലപ്പോൾ ഡിസ്ക് മുഴുവനായി ഡിറ്റക്റ്റ്
ചെയ്യപ്പെടാതിരിക്കും. അല്ലെങ്കിൽ ഡിസ്കിലെ ഫയൽ സിസ്റ്റം മെറ്റാഡാറ്റ ഉള്ള ഭാഗം
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വായിക്കാൻ കഴിയാതെ ഇരിക്കാം. ചെലപ്പോൾ ഫയൽ
എഴുതപ്പെട്ടിരിക്കുന്ന ബ്ലോക്കുകൾ തന്നെ വായിക്കാൻ സാധിക്കാതെ വരാം. ആദ്യത്തെ
കേസിൽ ഒരു സാധാരണ ഉപയോക്താവിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതി ഉണ്ട്.
ഡിസ്കിലെ ഇലക്ട്രോണിക്ക് സർക്യൂട്ടുകൾക്ക് ആണ് പ്രശ്നമെങ്കിൽ ഇത് റീപ്ലേസ് ചെയ്താൽ
ഡിസ്കിലെ ഡാറ്റ വീണ്ടെടുക്കാൻ സാധിക്കും. മാഗ്നറ്റിക് സിലിണ്ടറുകൾക്ക് തകരാറ് വരാൻ
സാധ്യത കുറവാണ്. രണ്ടാമത്തെ കേസിൽ ഫയൽ സിസ്റ്റം മെറ്റാഡാറ്റ ഡിസ്കിന്റെ
വലിപ്പത്തിനനുസരിച്ച് ഒന്നിലധികം സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിരിക്കും. മിക്കവാറും
സാഹചര്യങ്ങളിൽ ബാക്കപ്പ് മെറ്റാഡാറ്റ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
മൂന്നാമത്തെ കേസിൽ ഒന്നോ അതിലധികമോ ഫയലുകൾക്ക് മാത്രമായിരിക്കും പ്രശ്നം. ഈ കേസിൽ
ആ ഫയലുകൾ വീണ്ടെടുക്കാൻ ഉള്ള സാധ്യത കുറവാണ്.
ഫയൽ സിസ്റ്റം തകരാറുകൾ ആണ് ഉള്ളതെങ്കിൽ അതിന്റെ റിക്കവറിക്ക് നിരവധി
ഓപ്ഷനുകൾ ഉണ്ട്. മിക്കവാറും നിങ്ങളൂടെ ഡിസ്ക് കണക്റ്റ് ചെയ്യുമ്പോൾ തന്നെ ചെറീയ
തകരാറുകൾ ആണെങ്കിൽ ഇത് സ്കാൻ ചെയ്ത് ഫിക്സ് ചെയ്യണോ എന്ന് ചോദിച്ചുള്ള ഡയലോഗ്
ബോക്സ് കാണാം. സ്കാൻ ആൻഡ് ഫിക്സ് സെലക്റ്റ് ചെയ്താൽ തന്നെ മിക്കവാറും ആ പ്രശ്നം
പരിഹരിക്കപ്പെടും. ചെലപ്പോൾ ഡിസ്ക് ആക്സസ്സ് ചെയ്യാൻ സാധിക്കുന്നില്ല, ഫോർമാറ്റ്
ചെയ്യണം എന്നായിരിക്കും ഡയലോഗ് ബോക്സിൽ. ഒരു കാരണവശാലും ഫോർമാറ്റ് ഓപ്ഷൻ സെലക്റ്റ്
ചെയ്യാതിരിക്കുക. ഡിസ്കിന്റെ തകരാർ ശ്രദ്ധയിൽ പെട്ടാൽ അതിലേക്കുള്ള റൈറ്റ്
ഓപ്പറേഷനുകൾ പരമാവധി കുറയ്ക്കുക എന്നതാണ് ആദ്യപടി. ഫയൽ സിസ്റ്റം പ്രശ്നങ്ങൾ
ഉള്ളതായി ഓപ്പറേറ്റിങ്ങ് സിസ്റ്റം പറയുകയോ ഫയലുകൾ കാണാതിരിക്കുകയോ ഒക്കെ ചെയ്യുന്ന
കേസുകളിൽ ഡിസ്കിലേക്ക് ഫയലുകൾ ഒന്നും കോപ്പി ചെയ്യാതിരിക്കുക.
ഫയൽ സിസ്റ്റം കറപ്ഷൻ കേസിൽ ആദ്യം ശ്രമിക്കേണ്ടത് ഫയൽ
സിസ്റ്റം എററുകൾ ശരിയാക്കാനാണ്. ഇതിനായി ഫയൽ സിസ്റ്റം റിപ്പയർ യൂട്ടിലിറ്റികൾ
ഉപയോഗിക്കണം. വിൻഡോസ് FAT/NTFS ഫയൽ
സിസ്റ്റങ്ങൾക്ക് ആദ്യം ഉപയോഗിക്കേണ്ടത് chkdsk ആണ്. ഇത് വിൻഡോസ് സിസ്റ്റങ്ങളിൽ
എല്ലാം ഉണ്ടായിരിക്കും. അഡ്മിനിസ്ട്രേറ്റർ ആയി കമാന്റ് പ്രോംപ്റ്റ് അല്ലെങ്കിൽ
വിൻഡോസ് പവർ ഷെല്ല് തുറന്നിട്ട് അതിൽ chkdsk <drive letter>:
/f , ഇവിടെ ഡ്രൈവ് ലെറ്റർ ഏത് പാർട്ടീഷ്യനെ ആണോ ചെക്ക്
ചെയ്യണ്ടത്, അതിന്റെ ഡ്രൈവ് ലെറ്റർ ആണ്. പല കേസുകളിലും ഇത് ഫയൽ സിസ്റ്റം
പ്രശ്നങ്ങൾ പരിഹരിക്കുകയും ഡിസ്ക് പഴയത് പോലെ ഉപയോഗ്യയോഗ്യമാകുകയും ചെയ്യും. ചില
കേസുകളിൽ ഇത് പ്രവർത്തികാതെ വരാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ സൗജന്യ
സോഫ്റ്റ്‌വെയർ ആയ ടെസ്റ്റ് ഡിസ്ക് ഉപയോഗിക്കാം. (https://www.cgsecurity.org/wiki/TestDisk_Download). Chkdsk പരാജയപ്പെടുന്ന
അവസരങ്ങളീൽ ടെസ്റ്റ്ഡിസ്ക് ഉപയോഗിച്ച് MFT എങ്ങനെ റിപ്പയർ ചെയ്യാം എന്നതിനെ
പറ്റി ഡീറ്റെയിൽഡ് ആയ വിവരണം ഇവിടെ ഉണ്ട്. https://www.cgsecurity.org/wiki/Advanced_NTFS_Boot_and_MFT_Repair. ചില
സാഹചര്യങ്ങളിൽ ഡിസ്കിലെ പാർട്ടീഷ്യൻ ടേബിൾ ആണ് തകരാറിലായതെങ്കിൽ ഡ്രൈവുകൾ ആയി ഈ
ഡിസ്ക് ഡിറ്റക്റ്റ് ചെയ്യപ്പെടാതെ വരും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ testdisk
ലെ പാർട്ടീഷ്യൻ ടേബിൾ സ്കാനർ ഉപയോഗിക്കാം. ഇത് ഡിസ്കിൽ മുഴുവൻ ഫയൽ സിസ്റ്റങ്ങൾക്ക്
വേണ്ടി സ്കാൻ ചെയ്യുകയും ഡിറ്റക്റ്റ് ചെയ്ത ഫയൽ സിസ്റ്റങ്ങൾ ലിസ്റ്റ് ചെയ്യുകയും
ചെയ്യും. ഇതിൽ നഷ്ടമായ പാർട്ടീഷ്യനുകൾ എല്ലാം കാണിക്കുന്നുണ്ടെങ്കിൽ ആ വിവരം
മാസ്റ്റർ ബൂട്ട് റെക്കോർഡിൽ അപ്‌ഡേറ്റ് ചെയ്യുകയും ഡിസ്ക് വീണ്ടും
ഉപയോഗ്യയോഗ്യമാക്കുകയും ചെയ്യാം. പാർട്ടീഷ്യനുകൾ ഡിറ്റക്റ്റ് ചെയ്യുകയും ഫയൽ
സിസ്റ്റങ്ങൾ കറപ്റ്റ് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ആണ് chkdsk
ഉപയോഗിക്കേണ്ടത്.
ലിനക്സിലെ EXT2/3/4
പോലുള്ള ഫയൽ സിസ്റ്റങ്ങൾ ആണെങ്കിൽ fsck പ്രോഗ്രാം ആണ് സ്കാൻ ആൻഡ് ഫിക്സ്
ചെയ്യാൻ ഉപയോഗിക്കേണ്ടത്. ഇവിടെയും ഡിസ്കിലെ പാർട്ടീഷ്യനുകൾ ഡിറ്റക്റ്റ്
ചെയ്യപ്പെടുന്നില്ലെങ്കിൽ ആദ്യം ടെസ്റ്റ് ഡിസ്ക് ഉപയോഗിച്ച് എം ബി ആർ റിക്കവറി,
പാർട്ടീഷ്യൻ ടേബിൾ റിക്കവറി എന്നിവയ്ക്ക് ശ്രമിക്കണം. ബാക്കപ്പ് സൂപ്പർ ബ്ലോക്കുകൾ
ഉപയോഗിച്ച് ഫയൽ സിസ്റ്റം റിക്കവർ ചെയ്യാനുള്ള വഴികളും വിശദമായ ഡാറ്റാ റിക്കവറി
ഓപ്ഷനുകളും https://help.ubuntu.com/community/DataRecovery ഇവിടെ
കാണാം.
ഫയൽ സിസ്റ്റം റിക്കവറി പൂർണ്ണമായും പരാജയപ്പെടുന്നിടത്ത്
പിന്നെ ഡീപ് സ്കാൻ/അൺ ഡിലീറ്റ് തുടങ്ങിയ ഓപ്ഷനുകളേ ബാക്കിയുള്ളു. ഇതിനായി മേലത്തെ
ലിങ്കിൽ ഉള്ള ടൂളുകളോ അല്ലെങ്കിൽ നിങ്ങളൂടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്
അനുയോജ്യമായ ടൂളുകളോ ഉപയോഗിക്കാം. എന്റെ വ്യകതിപരമായ റെക്കമെന്റേഷൻ വിൻഡോസിൽ
ആണെങ്കിൽ EaseUS Data Recovery Wizard ഉപയോഗിക്കാൻ ആണ്. ഇത് ഒരു സൗജന്യ
സോഫ്റ്റ്‌വെയർ അല്ല. ഡിസ്കിലെ ഫെയിലിയർ ഹാർഡ്വെയർ പ്രശ്നമാണോ എന്നുറപ്പില്ലാത്ത
സാഹചര്യങ്ങളിൽ ഡാറ്റാ റിക്കവറി സാധ്യത പരമാവധി ആക്കാനും വേഗത്തിലുള്ളതാക്കാനും
ഡിസ്ക് ഇമേജ് എടുത്ത് അതിൽ സേർച്ച് ചെയ്യുന്ന മെത്തേഡ് ഉണ്ട്. പക്ഷേ വലിയ സൈസുള്ള
ഡിസ്ക് ആണെങ്കിൽ ഇത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയ ആണ്. മാത്രമല്ല ഡിസ്ക്
സൈസിന്റെ അത്രയും ഫ്രീ സ്പേസ് ഈ ഡിസ്ക് ഇമേജ് സൂക്ഷിക്കാനായി സജ്ജമാക്കേണ്ടതുണ്ട്.
500ജിബി ഒക്കെ ഉള്ള ഡിസ്കുകൾ ആണെങ്കിൽ ഇതൊരു നല്ല ഓപ്ഷൻ ആണ്. ഡിസ്ക് ഇമേജ്
എടുത്താൽ പിന്നീടുള്ള സ്കാൻ ഓപ്പറേഷനുകൾ ഒക്കെ വളരെ വേഗതയാർന്നതായിരിക്കും. കൂടാതെ
റിക്കവർ ചെയ്ത് കിട്ടുന്ന ഫയലുകൾ ശേഖരിക്കാൻ ആ ഡിസ്ക് തന്നെ ഫോർമാറ്റ് ചെയ്ത്
ഉപയോഗിക്കുകയും ചെയ്യാം. അല്ലെങ്കിൽ മറ്റൊരു ഹാർഡ് ഡിസ്ക് കണക്റ്റ് ചെയ്ത്
അതിലേക്ക് വേണം റിക്കവർ ചെയ്ത ഫയലുകൾ ശേഖരിക്കാൻ. റിക്കവർ ചെയ്തുകൊണ്ടിരിക്കുന്ന
ഡിസ്കിലേക്ക് തന്നെ ഒരു കാരണവശാലും റിക്കവർ ചെയ്ത ഫയലുകൾ സേവ് ചെയ്യരുത്. ഇത്
എല്ലായ്പ്പോഴും വളരെ സമയമെടുക്കുന്ന വളരെയധികം ക്ഷമ ആവശ്യമുള്ള സംഗതി ആണ്.
ഈയടുത്ത് ഒരു 2 ടിബി ഡിസ്ക്, 2.0 യു എസ് ബി വഴി കണക്റ്റ് ചെയ്തത് മുഴുവൻ സ്കാൻ
ചെയ്യാൻ മാത്രം 11 മണിക്കൂർ എടുത്തു. ആ ഡിസ്ക് ഉണ്ടാക്കിയ കാലം മുതൽ അതിൽ വന്ന്
പോയതായ ഫയലുകൾ മുഴുവൻ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതിൽ മിക്കതും പൂർണ്ണമായും
റിക്കവറബിൽ ആയിരിക്കുകയില്ല. അതിൽ നിന്ന് 1 ടിബി യോളം ഫയലുകൾ റിക്കവർ ചെയ്യാം
ഏതാണ്ട് 10 മണിക്കൂർ എടുത്തു. അതെല്ലാം തിരികെ കോപ്പി ചെയ്യാം മറ്റൊരു 10
മണിക്കൂറും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആണ് ഡാറ്റ ഓർഗനൈസ് ചെയ്ത്
വയ്ക്കുന്നതിന്റെ പ്രസക്തി. ഉദാഹരണത്തിന് കറപ്റ്റായ ഒരു ഫയൽ സിസ്റ്റത്തിൽ
ഫോട്ടോകളും വീഡിയോകളും പാട്ടുകളും മാത്രമാണെന്നിരിക്കട്ടെ. സ്കാൻ ചെയ്യുമ്പോൾ
തന്നെ ഈ ഫിൽട്ടറുകൾ തെരഞ്ഞെടുത്താൽ റിക്കവറി ടൂളിന് അറിയുന്ന നൂറുകണക്കിന് ഫയൽ
ഫോർമാറ്റുകളിൽ നിന്ന് ഈ ടൈപ്പുകളെ മാത്രം മാച്ച് ചെയ്ത് നോക്കിയാൽ മതിയാകും. ഓരോ
ബ്ലോക്കും വായിച്ച് അവിടെ ടൂളിന് പരിചയമുള്ള 200 ഫോർമാറ്റുകളുടെ വിവരങ്ങൾ
എന്തെങ്കിലും ഉണ്ടോ (ഫയൽ സിഗ്നേച്ചർ/മാജിക്ക് നമ്പർ: https://en.wikipedia.org/wiki/Magic_number_(programming), https://en.wikipedia.org/wiki/List_of_file_signatures)
എന്ന് നോക്കുന്നതിന് പകരം പത്തോ ഇരുപതോ എണ്ണം മാത്രം നോക്കിയാൽ മതിയാകും. ഇത് ഈ
സ്കാനിങ്ങ് വേഗത എത്രകണ്ട് വർദ്ധിപ്പിക്കും എന്ന് ചിന്തിക്കാമല്ലോ.
വാൽ: ഡാറ്റാ റിക്കവറി എല്ലായ്പ്പോഴും കാര്യക്ഷമമോ പൂർണ്ണമോ ആകണം
എന്നില്ല. അതുകൊണ്ട് ബാക്കപ്പ് ശീലമാക്കൂ.
Linux Swap എങ്ങനെ Enable ചെയ്യും എന്ന് പറഞ്ഞു തരാമോ.
ReplyDeletehttps://itsfoss.com/create-swap-file-linux/ പാർട്ടീഷ്യൻ ഉണ്ടെങ്കിലും സ്റ്റെപ്പുകൾ ഇത് തന്നെ.
Delete