Monday, September 10, 2012

ഫയല്‍ സിസ്റ്റങ്ങള്‍ - 4

ഇന്ന് ഉപയോഗത്തിലിരിക്കുന്ന മിക്കവാറും ഫയല്‍ സിസ്റ്റങ്ങളില്‍ ഓരോ ഫയലിനും വിവിധ തരത്തിലുള്ള അനുമതികള്‍ ഉണ്ട്. ഒരൊറ്റ ഉപഭോക്താവിനെ മാത്രം പിന്‍തുണക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഇതിന് പ്രസക്തിയില്ല. എന്നാല്‍ ഒരേ സമയം ഒന്നിലധികം ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ആധുനിക ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഓരോ ഉപഭോക്താവിന്റെയും ഫയലുകളെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതില്‍ നിന്നും അവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.

ലിനക്സില്‍ ഓരോ ഫയലിന്റെയും അനുമതി മൂന്ന് വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആ ഫയല്‍ ഉണ്ടാക്കിയ ആള്‍ അഥവാ ആ ഫയലിന്റെ ഉടമ (യൂസര്‍), ഉടമ ഉള്‍പ്പെടുന്ന ഉപഭോക്താക്കളുടെ കൂട്ടം (ഗ്രൂപ്പ്), മറ്റുള്ളവര്‍ (അതേഴ്സ്) എന്നിങ്ങനെ. ഈ മൂന്ന് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും വായിക്കുക (റീഡ്), എഴുതുക/മാറ്റം വരുത്തുക (റൈറ്റ് ), പ്രവര്‍ത്തിപ്പിക്കുക (എക്സിക്യൂട്ട്) എന്നിങ്ങനെ അനുമതികള്‍ കൊടുത്തിരിക്കും. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ,
1 എന്നുള്ളത് ഒരു വിഭാഗത്തിന്ആ പ്രവര്‍ത്തി ചെയ്യാന്‍ അനുവാദമുണ്ട് എന്നും 0 അനുവാദമില്ല എന്നും സൂചിപ്പിക്കുന്നു.ഈ ചിത്രത്തില്‍ കാണുന്നതുപോലെ ആണെങ്കില്‍ ഉടമക്ക്ആ ഫയലിനെ വായിക്കാനും, മാറ്റം വരുത്താനും പ്രവര്‍ത്തിപ്പിക്കാനും ഉള്ള അനുവാദമുണ്ട്. കൂട്ടത്തിനും മറ്റുള്ളവര്‍ക്കുംആ ഫയലിനെ വായിക്കാന്‍ മാത്രമേ അനുവാദമുള്ളു. ഈ ബിറ്റുകളെ ബൈനറി സംഘ്യ ആയി പരിഗണിച്ചാല്‍ഒക്റ്റല്‍ നമ്പര്‍ സിസ്റ്റത്തില്‍ 0744 എന്ന് എഴുതാന്‍ സാധിക്കും. ഈ രീതിയിലാണ് സാധാരണ ഫയല്‍ അനുമതികള്‍ എഴുതാറുള്ളത്. 0660 എന്നാണെങ്കില്‍ ഉടമക്കും കൂട്ടത്തിനും വായിക്കാനും എഴുതാനും അനുവാദമുണ്ട്, മറ്റുള്ളവര്‍ക്ക് ആ ഫയല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ്. (ബൈനറിയില്‍ 110 110 000, ഏറ്റവും  ഇടതുവശത്തുള്ള 0 ഈ സംഘ്യ ഒക്റ്റല്‍ സംഘ്യാ രീതിയി എഴുതപ്പെട്ടതാണ് എന്നതിനെ സൂചിപ്പിക്കുന്നു.) ലിനക്സിലെ ls കമാന്റ് ഉപയോഗിക്കുമ്പോള്‍ ഇതിനെ rwxrwxrwx എന്നാണ് കാണിക്കാറൂള്ളത്. r - read, w - write, x - execute. ആദ്യത്തെ മൂന്നെണ്ണം ഉടമയുടെയും പിന്നീടുള്ളവ യഥാക്രമം കൂട്ടത്തിന്റെയും മറ്റുള്ളവരുടെയും അനുമതികള്‍ ആണ്. 0744 എന്ന അനുവാദത്തെ rwxr--r-- എന്ന് എഴുതാം. 0660 ത്തിനെ rw-rw---- എന്നും.

ലിനക്സ് റൂട്ട് ഫയല്‍ സിസ്റ്റത്തിലെ /etc പോലെയുള്ള ഡയറക്റ്ററികളില്‍ ചില പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുക്കള്‍ക്ക് ചില പ്രത്യേക അനുവാദങ്ങള്‍ നിര്‍ബന്ധമാണ്. ആ അനുവാദങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത്തരം പ്രോഗ്രാമുകള്‍ പിന്നീട് പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കും. ഉദാഹരണത്തിന് sudo പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലായ /etc/sudoers ഇന്റെ അനുവാദങ്ങള്‍ നോക്കൂ, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു റൂട്ട് യൂസര്‍ ഇല്ലെങ്കില്‍ ഇത് പരീക്ഷിക്കരുത്. സാധാരണ ഉബുണ്ടു/ഡെബിയന്‍ സിസ്റ്റങ്ങളില്‍ ഡിഫാള്‍ട്ട് ആയി ഒരു റൂട്ട് യൂസര്‍ ഉണ്ടാകില്ല. നിങ്ങള്‍ ഇത് പരീക്ഷിക്കുന്നുണ്ടെങ്കില്‍ അതിനു മുന്‍പേ sudo passwd root എന്ന കമാന്റ് ഉപയോഗിച്ച് റൂട്ട് യൂസറുടെ പാസ് വേര്‍ഡ്  ക്രമീകരിക്കേണ്ടതാണ്. പിന്നീട് su കമാന്റ് വഴി റൂട്ട് ആയി ലോഗിന്‍ ചെയ്ത് ഈ ഫയലിന്റെ അനുവാദങ്ങള്‍ പഴയപടി ആക്കാം. അതുവരെ പിന്നെ sudo കമാന്റും  അതുമായി ബന്ധപ്പെട്ട gksu പോലെയുള്ള കമാന്റുകളും പ്രവര്‍ത്തിക്കുകയില്ല. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
subin@anna:~$ ls -l /etc/sudoers
-r--r----- 1 root root 723 Jan 31  2012 /etc/sudoers
ആദ്യം കാണുന്നത് അനുവാദം, പിന്നെ ലിങ്കുകളുടെ എണ്ണം (പിന്നാലെ), പിന്നെ ഉടമ, കൂട്ടം, ഫയല്‍ ഉണ്ടാക്കിയ തീയതി, ഫയലിന്റെ പേര് എന്നിങ്ങനെ. ഈ ഫയലിന്റെ ഉടമ റൂട്ട് ആണ്. റൂട്ടിനും പിന്നെ റൂട്ട് ഉപഭോക്താക്കളുടെ കൂട്ടത്തിനും  മാത്രമേ ഈ ഫയല്‍ വായിക്കാന്‍ അനുവാദമുള്ളു. ഇനി ഈ ഫയലിന്റെ ഉടമയെ മാറ്റി നോക്കാം,

subin@anna:~$ sudo chown subin:subin /etc/sudoers
subin@anna:~$ ls -l /etc/sudoers
-r--r----- 1 subin subin 723 Jan 31  2012 /etc/sudoers
ഇപ്പോള്‍ ഫയലിന്റെ ഉടമ സുബിന്‍ ആണ്. ഇനി ഞാന്‍ sudo പ്രോഗ്രാം  പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍,
subin@anna:~$ sudo fdisk -l
sudo: /etc/sudoers is owned by uid 1000, should be 0
sudo: no valid sudoers sources found, quitting
sudo: unable to initialize policy plugin
എന്ന എറര്‍ സന്ദേശമാണ് കിട്ടുക.അനുവാദങ്ങള്‍ പഴയപടി ആക്കിയാല്‍ ഇത് വീണ്ടും  പ്രവര്‍ത്തിച്ച് തുടങ്ങും.

പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫയലുകള്‍ക്ക് (എക്സിക്യൂട്ടബിള്‍ ഫയലുകള്‍) ലിനക്സില്‍ മറ്റുചില അനുവാദങ്ങള്‍ കൂടിയുണ്ട്. സെറ്റ് യുഐഡി, സെറ്റ്ജിഐഡി തുടങ്ങിയവ. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ അഡ്മിനിസ്ട്രേറ്റര്‍ യൂസര്‍ അഥവാ റൂട്ട് യൂസറിന് മാത്രമേ അനുവാദമുള്ളു. എന്നിരുന്നാലും  ചിലപ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്കും  ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. ഒരേ പ്രോഗ്രാം തന്നെ വിവിധ ഉപഭോക്താക്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനം  വിവിധ രീതിയിലായിരിക്കും. ഒരു സിസ്റ്റത്തില്‍ ഒരു പുതിയ ഉപഭോക്താവിനെ ചേര്‍ക്കുന്നത്, ഉള്ള ഒരാളെ നീക്കം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ റൂട്ടിന് മാത്രമായി നീക്കി വച്ചാല്‍ പോലും  ഉപഭോക്താക്കള്‍ അവരവരുടെ പാസ്‌‌വേര്‍ഡുകള്‍ മാറ്റുന്നത്, വേറൊരു കമ്പ്യൂട്ടറിനെ നെറ്റ്‌‌വര്‍ക്കില്‍ ping ചെയ്യുന്നത് തുടങ്ങിയവ പ്രത്യേക അധികാരങ്ങള്‍ വേണ്ടീവരുന്ന കാര്യങ്ങളാണ്. ഇതിനായി ഉള്ള പ്രൊഗ്രാമുകള്‍ സാധാരണയായി ചെയ്യുന്നത് setuid, setgid പോലെയുള്ള സിസ്റ്റം കോളുകള്‍ ഉപയോഗിച്ച് അവയുടെ അധികാരങ്ങള്‍ താല്‍ക്കാലികമായി ഉയര്‍ത്തുകയാണ്. പക്ഷേ ഏതൊരു പ്രോഗ്രാമിനും  ഇങ്ങനെ ചെയ്യാന്‍ അവസരമുണ്ടായാല്‍ ദുഷ്ടപ്രോഗ്രാമുകള്‍ക്ക് കമ്പ്യൂട്ടറിലെ ഏത് ഫയല്‍ വേണമെങ്കിലും  മായ്ചുകളയാനോ മാറ്റം  വരുത്താനോ ഒക്കെ സാധിക്കുമല്ലോ. അതിനാല്‍ സെറ്റ് യുഐഡി, സെറ്റ്ജിഐഡി തുടങ്ങിയ അനുവാദങ്ങള്‍ ഉള്ള ഫയലുകള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളു.

ഇനി ബാക്കിയുള്ള പ്രത്യേക അനുവാദം സ്റ്റിക്കി ബിറ്റ് ആണ്. ഇതും  എക്സിക്യൂട്ടബിള്‍ ഫയലുകള്‍ക്ക് മാത്രമായി ഉള്ള അനുവാദമാണ്. ഈ അനുവാദമുള്ള ഫയലുകള്‍ (പ്രോഗ്രാം) എക്സിക്യൂട്ട് ചെയ്ത ശേഷവും  (പ്രോസസ്) അവയെ മെമ്മറി അല്ലെങ്കില്‍ സ്വാപ്പ് ഏരിയയില്‍ തന്നെ തുടരാന്‍ അനുദിക്കും. വീണ്ടും  എക്സിക്യൂട്ട് ചെയ്യുമ്പോള്‍ വേഗത്തില്‍ പ്രവര്‍ത്തനമാഅംഭിക്കാന്‍ ഇതിനാല്‍ അവക്ക് സാധിക്കുന്നു.

ഒക്റ്റല്‍സംഖ്യാരീതിയില്‍ രേഖപ്പെടുത്തുമ്പോള്‍ സ്റ്റിക്കിബിറ്റ് 01000, സെറ്റ്‌‌ജിഐഡി 02000, സെറ്റ്‌‌യുഐഡി 04000 എന്നിങ്ങനെയാണ് രേഖപ്പെടുത്തുക. നേരത്ത് പറഞ്ഞ മൂന്ന് അനുവാദങ്ങളുമായി ചേര്‍ക്കുമ്പോള്‍ മൊത്തം  നാല് അക്കങ്ങളാകും. ഉദാഹരണത്തിന് 04777 എന്ന അനുവാദമാണെങ്കില്‍ എല്ലാവര്‍ക്കും  വായിക്കാനും മാറ്റം വരുത്താനും  പ്രവര്‍ത്തിപ്പിക്കാനും  കഴിയും, കൂടെ പ്രവര്‍ത്തന സമയത്ത് യു ഐ ഡി സെറ്റ് ചെയ്യാനുള്ള അനുവാദവും.

15 comments:

  1. അനുവാദത്തെ അനുമതിയാക്കുന്നത് എങ്ങനെയിരിക്കും?

    ReplyDelete
  2. അതുപോലെ യൂസർ എന്നതിന് ഉപയോക്താവ് എന്നാണ് സാധാരണ ഉപയോഗിക്കാറ്

    ReplyDelete
  3. അത് നല്ലതായി തോന്നുന്നു. ഉപഭോക്താവ് ആണോ ഉപയോക്താവ് ആണോ എന്ന സംശയം കാര്യമായി ഉണ്ടായിരുന്നു. അനുവാദം എന്തായാലും മാറ്റാം. ഇനി നിങ്ങള്‍ക്കുള്ള നന്ദികള്‍ ഒക്കെ ഞാന്‍ ഒന്നിച്ചേ പറയുന്നുള്ളൂ :) ശരിക്കും.. പറഞ്ഞു തീര്‍ക്കുന്നില്ല.

    ReplyDelete
  4. "ലിനക്സില്‍ ഓരോ ഫയലിന്റെയും അനുമതി മൂന്ന് വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആ ഫയല്‍ ഉണ്ടാക്കിയ ആള്‍ അഥവാ ആ ഫയലിന്റെ ഉടമ (യൂസര്‍),..."

    ബ്രാക്കറ്റിൽ ഓണർ അല്ലേ വേണ്ടത്?

    ReplyDelete
  5. മറ്റൊരു ചോദ്യം കൂടി. ഉടമ ഒന്നിലധികം ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെങ്കിൽ ആ ഗ്രൂപ്പുകളിലുള്ള എല്ലാ ഉപയോക്താക്കൾക്കും ഗ്രൂപ്പ് അനുമതികൾ ലഭ്യമായിരിക്കുമോ?

    ReplyDelete
  6. അവസാനം പറഞ്ഞിരിക്കുന്ന പ്രത്യേകാനുമതികൾ ഒരു ഫയലിനുണ്ടോ എന്ന് എങ്ങനെയറിയാം?

    ReplyDelete
  7. യൂണിക്സില്‍ പൊതുവായി യൂസര്‍ ഗ്രൂപ്പ് അതേര്‍സ് എന്നാണ് പറയാറുള്ളത്. യൂസര്‍ - ഓണര്‍ രണ്ടൂം ഇവിടെ ഒരേ അര്‍ഥം തന്നെയാണ്. u g o എന്നാണ് നൊട്ടേഷന്‍.

    ഇല്ല. ഗ്രൂപ്പിന്റെ അനുമതികള്‍ പ്രത്യേകമാണ്. ഉടമ ഉള്ള ഗ്രൂപ്പില്‍ അംഗമായതിനാല്‍ ഉടമക്കുള്ള അനുമതികള്‍ കിട്ടില്ല. ഉടമ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന് ഒരു ഫയല്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ടെങ്കില്‍ ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും അതിന് അനുവാദമുണ്ട്. ആ ഗ്രൂപ്പില്‍ ഫയലിന്റെ ഉടമ ഇല്ലെങ്കില്‍ക്കൂടി ഈ അനുവാദങ്ങള്‍ ആ ഗ്രൂപ്പിന് ലഭിക്കും.

    ls -l കമാന്റ് ഉപയോഗിച്ചാല്‍ മതി. ഉദാഹരണത്തിന്
    subin@anna:~$ ls -l /usr/bin/sudo
    -rwsr-xr-x 2 root root 69708 Jun 1 09:23 /usr/bin/sudo
    ആദ്യത്തെ യൂസര്‍ പെര്‍മിഷനില്‍ x നു പകരം s എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് സെറ്റ് യു ഐ ഡി അനുമതിയാണ്. നിങ്ങളുടെ ടെര്‍മിനല്‍ പ്രോഗ്രാം കളര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഈ അനുവാദമുള്ള ഫയലുകള്‍ ls -l കമാന്റ് ഉപയോഗിക്കുമ്പോള്‍ ചുവന്ന നിറത്തില്‍ കാണാം.

    ReplyDelete
  8. ഇത് പരീക്ഷിക്കാന്‍, ആദ്യം ഒരു ഫയല്‍ ഉണ്ടാക്കുക.
    subin@anna:~$ touch test
    ഇപ്പോള്‍ ഡിഫാള്‍ട്ട് അനുമതികളായിരിക്കും ആ ഫയലിന് ഉണ്ടാവുക. ഇത് മാറ്റാന്‍ umask എന്ന കമാന്റ് ഉപയോഗിക്കാവുന്നതാണ്.
    subin@anna:~$ ls -l test
    -rw-rw-r-- 1 subin subin 0 Sep 20 16:23 test
    ഇനി ആ ഫയലിന് എക്സിക്യൂട്ടബിള്‍ പെര്‍മിഷന്‍ കൊടുക്കാം. a എന്നത് എല്ലാവര്‍ക്കും എന്നതാണ്. + ഒരു അനുമതി കൂട്ടിച്ചേര്‍ക്കുക എന്നും - അനുമതി നീക്കം ചെയ്യുക എന്നുമാണ്.
    subin@anna:~$ chmod a+x test
    subin@anna:~$ ls -l test
    -rwxrwxr-x 1 subin subin 0 Sep 20 16:23 test
    ഇനിറ്റ് സെറ്റ് യുഐഡി
    subin@anna:~$ chmod a+s test
    subin@anna:~$ ls -l test
    -rwsrwsr-x 1 subin subin 0 Sep 20 16:23 test
    സ്റ്റിക്കി ബിറ്റ്
    subin@anna:~$ chmod a+t test
    subin@anna:~$ ls -l test
    -rwsrwsr-t 1 subin subin 0 Sep 20 16:23 test

    ReplyDelete
  9. "ഇല്ല. ഗ്രൂപ്പിന്റെ അനുമതികള്‍ പ്രത്യേകമാണ്. ഉടമ ഉള്ള ഗ്രൂപ്പില്‍ അംഗമായതിനാല്‍ ഉടമക്കുള്ള അനുമതികള്‍ കിട്ടില്ല."

    ചോദ്യം വ്യക്തമായില്ലെന്നു കരുതുന്നു. ഉടമക്കുള്ള അനുമതിയല്ല, ഗ്രൂപ്പ് അനുമതികൾ കിട്ടുമോ എന്നാണ് ചോദിച്ചത്.

    ReplyDelete
  10. ഉടമ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന് ഒരു ഫയല്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ടെങ്കില്‍ ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും അതിന് അനുവാദമുണ്ട്. ആ ഗ്രൂപ്പില്‍ ഫയലിന്റെ ഉടമ ഇല്ലെങ്കില്‍ക്കൂടി ഈ അനുവാദങ്ങള്‍ ആ ഗ്രൂപ്പിന് ലഭിക്കും.

    രണ്ടു വാചകങ്ങളും കടകവിരുദ്ധമല്ലേ?

    ReplyDelete
  11. ആ ചോദ്യം ഇപ്പോ മനസ്സിലായി എന്ന് ഞാന്‍ കരുതുന്നു. ഒരു ഫയലില്‍ ഉടമക്ക് മാറ്റം വരുത്താനുള്ള അനുവാദം ഇല്ലെന്നിരിക്കട്ടെ. ഉടമ അംഗമായ ഒരു ഗ്രൂപ്പിന് ആഫയലില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ടെങ്കില്‍ ഉടമക്ക് ആ ഗ്രൂപ്പിന്റെ അനുവാദം ഉപയോഗിച്ച് ആ ഫയലില്‍ മാറ്റം വരുത്താം. ഇതാണോ ഉദ്ദേശിച്ചത്?

    രണ്ടാമത്തെ കമന്റില്‍ പറഞ്ഞിരിക്കുന്നത് വിരുദ്ധമല്ല.ഒരു ഗ്രൂപ്പിന്റെ അനുമതികള്‍ ആ ഫയലിന്റെ ഉടമ ആ ഗ്രൂപ്പിലുണ്ടോ എന്നതിനെ അനുസരിച്ചായിരിക്കില്ല എന്ന് അല്‍പം വളഞ്ഞ വഴിയില്‍ പറയാന്‍ ശ്രമിച്ചതാണ്.

    ReplyDelete
  12. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഒക്കെ ഉടമ റൂട്ട് യൂസര്‍ ആയിരിക്കും. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്കും അവ ഉപയോഗിക്കാന്‍ സാധിക്കും. ഇങ്ങനെ സാധിക്കണമെങ്കില്‍ ആ ഉപകരണവുമായി ബന്ധപ്പെട്ട ഗ്രൂപ്പില്‍ ആ ഉപയോക്താവിനെ ചേര്‍ത്താല്‍ മതി. ഓഡിയോ, മോഡം, പ്ലഗ്‌‌ഡേവ് തുടങ്ങി വിവിധ ഗ്രൂപ്പുകളില്‍ സാധാരണ ഉപയോക്താക്കള്‍ അംഗങ്ങളായിരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഓഡിയോ ഉപകരണം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ ഡ്രൈവര്‍ ചെക്ക് ചെയ്യുന്നതിനുമുന്പേ നിങ്ങള്‍ ഓഡീയോ ഗ്രൂപ്പില്‍ അംഗമാണോ എന്നാണ് ചെക്ക് ചെയ്യേണ്ടത്.

    ReplyDelete
  13. ഉപയോക്താക്കളെയും ഗ്രൂപ്പുകളെയും വിശദീകരിക്കുന്ന ഒരു പാഠം പ്രതീക്ഷിക്കുന്നു.

    ReplyDelete
  14. തീര്‍ച്ചയായും. പ്രോസസ് മാനേജ്‌‌മെന്റിന്റെ ഭാഗമായി ഒരു പ്രത്യേക പോസ്റ്റ് ഇടാം.

    ReplyDelete
  15. ഉടമ ഉൾപ്പെടുന്ന ഗ്രൂപ്പ് എന്ന രണ്ടാം ഖണ്ഡികയിലെ വാചകമാണ് കൺഫ്യൂഷനുണ്ടാക്കിയത്. ആ ഖണ്ഡിക വായിച്ചാൽ ഗ്രൂപ്പ് അനുമതികൾ, ഉടമ ഉൾപ്പെടുന്ന ഗ്രൂപ്പിനുമാത്രമേ നൽകാനാവൂ എന്നു തോന്നും.

    ഒരു ഫയലിന്റെ അനുമതികൾ അതിന്റെ ഉടമക്കും, ഉപയോക്താക്കളുടെ ഒരു ഗ്രൂപ്പിനും, മറ്റുള്ളവർക്കും പ്രത്യേകം പ്രത്യേകമായി സജ്ജീകരിക്കാവുന്നതാണ് എന്നതായിരിക്കില്ലേ ശരിയായ വാചകം.

    ReplyDelete