Saturday, August 11, 2012

നിങ്ങളുടെ ലിനക്സിനെ അറിയൂ.. - 1

     ഉബുണ്ടു പോലെയുള്ള ഡസ്ക്ടോപ്‌ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ വരവോടെ അല്ലെങ്കില്‍ മെച്ചപ്പെടലിലൂടെ ഇന്ന് ആര്‍ക്കും ലിനക്സ് സിസ്റ്റങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്ഥിതി വന്നിട്ടുണ്ട്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (ജി യു ഐ) ഉള്‍പ്പെടെ വരുന്ന ഈ ഡിസ്ട്രിബ്യൂഷനുകള്‍ ഒരു കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് കമാന്‍ഡുകള്‍ വഴി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യം ഇല്ലാതാക്കി. തുടക്കക്കാര്‍ക്കും ഒരുപാട് നാള്‍ വിന്‍ഡോസോ മാക്കോ ഒക്കെ ഉപയോഗിച്ചവര്‍ക്കും വേഗത്തില്‍ തന്നെ മനസ്സിലാക്കി എടുക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ഇപ്പോള്‍ ലിനക്സ് അധിഷ്ടിത ഡസ്ക്ടോപ്‌ സിസ്റ്റങ്ങള്‍. ഇവയെ പൊതുവേ ലിനക്സ് എന്ന് പറയാറുണ്ടെങ്കിലും ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ എന്നതാണ് ശരിയായ പ്രയോഗം. ലിനക്സ് എന്നത് ഈ സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന കെര്‍ണല്‍ ആണ്. ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ എന്നത് ലിനക്സ് കെര്‍ണല്‍, ഗ്രാഫിക്കല്‍ ഡെസ്ക്ടോപ്പ് എന്‍വയോണ്‍മെന്റ്, അത്യാവശ്യമുള്ള പ്രോഗ്രാമുകള്‍ (ഒരു ടെക്സ്റ്റ് എഡിറ്റര്‍, മ്യൂസിക് പ്ലെയര്‍, ഓഫീസ് ഉപകരണങ്ങള്‍), പുതിയ പ്രോഗ്രാമുകള്‍ ചേര്‍ക്കാനും ചേര്‍ത്തവ ഒഴിവാക്കാനും ഉള്ള പാക്കേജ് മാനെജ്മെന്റ് സംവിധാനം, നെറ്റ്‌വര്‍ക്ക്, മോണിറ്ററുകള്‍, പ്രിന്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഒക്കെ സജ്ജീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹായിക്കുന്ന പ്രോഗ്രാമുകള്‍ എന്നിവയൊക്കെ അടങ്ങിയതാണ്.
     എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേയും പോലെ ഇവിടെയും ഏറ്റവും പ്രധാനപ്പെട്ടത് കെര്‍ണല്‍ തന്നെയാണ്. കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും നിയന്ത്രിക്കുന്നത്‌ കെര്‍ണല്‍ വഴിയാണ്, അല്ലെങ്കില്‍ കെര്‍ണല്‍ ആണ്. ഒരു സമയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളെ നിയന്ത്രിക്കുക, വിവിധ പ്രോഗ്രാമുകള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ഉള്ള ഒരു അന്തരീക്ഷം ഒരുക്കുക, പ്രോഗ്രാമുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഡിസ്കുകളില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാക്കുക, ഡിസ്കുകളിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തുക, വിവിധ ഉപഭോക്താക്കള്‍ ഉള്ള ഒരു കമ്പ്യൂട്ടറില്‍ ഓരോ ഉപഭോക്താവും ശേഖരിച്ചിരിക്കുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പു നല്‍കുക തുടങ്ങിയവയെല്ലാം കെര്‍ണലിന്റെ ജോലിയില്‍ പെടുന്നു. വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാനുള്ള ഡ്രൈവറുകള്‍ കെര്‍ണലിന്റെ ഭാഗമാണ്. മോണോലിത്തിക്‌ കെര്‍ണല്‍ രീതി പിന്‍തുടരുന്ന ലിനക്സിന്റെ കെര്‍ണല്‍ ഒരൊറ്റ ഫയല്‍ ആണ്. ഇതിന് ഉള്‍പ്പെടുത്തിയിരിക്കുന്ന സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വലിപ്പം ഉണ്ടാകും. പൊതുവേ നിങ്ങളുടെ ഒരുമാതിരി ഉപകരണങ്ങള്‍ ഒക്കെ പ്രവര്‍ത്തിപ്പിക്കാനുള്ള ഡ്രൈവറുകള്‍ അടങ്ങിയ ഒരു ഫുള്‍ ഓപ്ഷന്‍ കെര്‍ണലിന്റെ വലിപ്പം ഏതാണ്ട് മൂന്നര എം ബി മാത്രമേ വരികയുള്ളൂ.. അഞ്ചു മിനിറ്റ് തികച്ച് പാടുന്ന ഒരു എം പി ത്രീ ഫയല്‍ മോശമില്ലാത്ത നിലവാരത്തില്‍ ഉള്ളത്, അല്ലെങ്കില്‍ നല്ല ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രം ഇതിനേക്കാള്‍ വലുതായിരിക്കും..
     കെര്‍ണല്‍ കഴിഞ്ഞാല്‍ പിന്നെ ഫയല്‍ സിസ്റ്റം ആണ് പ്രധാനപ്പെട്ടത്. യൂനിക്സ് സിസ്റ്റങ്ങളില്‍ അടിസ്ഥാനപരമായി എല്ലാം ഫയലുകള്‍ ആണ്. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന നിങ്ങളും പ്രോഗ്രാമുകളും പ്രോസസുകളും എല്ലാം ഫയലുകള്‍ തന്നെ.. ഇതിന് ഒരേ ഒരു അപവാദം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ആണ്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.. ഓരോ ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകളും അതുമായി ബന്ധപ്പെട്ട ഫയലുകള്‍ തുറക്കുകയും അവയില്‍ നിന്ന് വായിക്കുകയും അവയിലേക്ക് എഴുതുകയും ചെയ്യുന്നു. ഒരു സാധാരണ ടെക്സ്റ്റ് ഫയല്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ.. ഒരു ലിനക്സ് സിസ്റ്റത്തിന്റെ ഫയല്‍ സിസ്റ്റത്തെ കുറിച്ചുള്ള വിശദാംശങ്ങളും ആയി അടുത്ത പോസ്റ്റ്‌..

12 comments:

  1. നല്ല തുടക്കം ..

    ReplyDelete
  2. തുടരുക. കാത്തിരിക്കുന്നു

    ReplyDelete
  3. നല്ല ഉദ്യമം .. തുടരൂ എല്ലാ വിധ ആശംസകളും

    ReplyDelete
  4. ഉപകാരപ്രദം. എല്ലാവിധ ആശംസകളും

    ReplyDelete
  5. എല്ലാ ആശംസകളും... ഉള്ളിലിരിക്കുന്ന എല്ലാത്തിനേം വലിച്ചു പുറത്തിട്...:)))

    ReplyDelete
  6. മുൻപൊരു ദിവസം ഒരു സഹപ്രവർത്തകൻ (from chennai) എന്തോ തമിഴ് ഡോകുമെന്റ് വായിച്ചു പഠിക്കുന്നു. എന്താണെന്നന്യേഷിച്ചപ്പോൾ ലിനക്സ് ആണ്! മലയാളത്തിൽ , പഠിക്കാൻ പാകത്തിൽ വല്ലതുമുണ്ടോന്ന് തപ്പി നോക്കിയപ്പോൾ ഒന്നും കണ്ടില്ല. സോ കൺഗ്രാറ്റ്സ്, മൊത്തത്തിൽ ഇങ്ങ് പോരട്ടേ..

    എന്ന് അടുത്ത രണ്ട് മാസം കൊണ്ട് RHEL 6 ഗൈഡ് ഫിനിഷ് ചെയ്യണമെന്ന ടാർഗറ്റുമായിരിക്കുന്ന ഒരാൾ :)

    ReplyDelete